ആരോഗ്യ ജാഗ്രത ശുചീകരണയജ്ഞം 

മഴക്കാല രോഗങ്ങളെ ഫലപ്രദമായി ചെറുക്കാൻകഴിഞ്ഞ ഒരു വർഷമായിരുന്നു 2018. അതിനു നമുക്ക് ശക്തി പകർന്നത് കഴിഞ്ഞ വർഷം നമ്മളേറ്റെടുത്ത ആരോഗ്യ ജാഗ്രത പ്രവർത്തനങ്ങൾ ആണ്. അടുത്ത മഴക്കാലം തുടങ്ങാൻ അധിക ദിവസങ്ങളില്ല. കഴിഞ്ഞ വർഷത്തെ ആരോഗ്യ ജാഗ്രത പ്രവർത്തനങ്ങൾ നമുക്ക് കൂടുതൽ കരുത്തോടെ ഏറ്റെടുത്ത് മുൻപോട്ട് കൊണ്ടുപോകാനാണ് തീരുമാനം.അതിൻ്റെ ഭാഗമായി (മെയ് 11, 12 തീയതികളില്‍) സംസ്ഥാനവ്യാപകമായി ജനപങ്കാളിത്തത്തോടെ ശുചീകരണം നടത്തുന്നതിന് മന്ത്രിസഭ തീരുമാനിച്ചു. 

2018-ല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പകര്‍ച്ചവ്യാധികളുടെ തോത് ഗണ്യമായി കുറയ്ക്കുവാനായത് കഴിഞ്ഞ വര്‍ഷം നടത്തിയ ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങളുടെ വിജയമായി കണക്കാക്കാവുന്നതാണ്. എന്നിരുന്നാലും അപ്രതീക്ഷിതമായി ഉണ്ടായ നിപാ വൈറസ് ബാധയും പ്രളയ ദുരന്തവുംമൂലം വിലപ്പെട്ട കുറെ ജീവനുകള്‍ നഷ്ടമായിട്ടുണ്ട്. ഈ വര്‍ഷവും പല പകര്‍ച്ചവ്യാധികളുടെയും നിരക്ക് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കുറവായിട്ടാണ് കാണുന്നതെങ്കിലും ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി തന്നെ നടപ്പിലാക്കേണ്ടതുണ്ട്. മഴക്കാലം ആരംഭിക്കുന്നതോടെ ജലജന്യ രോഗങ്ങളും കൊതുകുജന്യ രോഗങ്ങളും പൊട്ടിപ്പുറപ്പെടുവാന്‍ സാദ്ധ്യതയുള്ളതിനാല്‍ മഴക്കാലപൂര്‍വ്വ ശുചീകരണവും കൊതുകു നശീകരണ പ്രവര്‍ത്തനങ്ങളും മെയ് മാസത്തില്‍ ഊര്‍ജ്ജിതമായി തന്നെ നടപ്പിലാക്കേണ്ടതാണ്. ഇക്കാര്യം മുന്നില്‍ കണ്ടാണ് ആരോഗ്യ ജാഗ്രത തുടര്‍ ക്യാമ്പയിന്‍ ശക്തിപ്പെടുത്തുന്നത്.

മേയ് 3, 4 തീയതികളില്‍ ജില്ലകളില്‍ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ അവലോകനയോഗം ചേർന്നിരുന്നു. ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഓരോ മന്ത്രിയ്ക്കും ഓരോ ജില്ലയുടെ ചുമതലയും മുഖ്യമന്ത്രി ഏൽപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *