വെസ്റ്റ് നൈലിൽ നിന്നും സിക്കയിലേക്ക് എത്ര ദൂരം

ആരോരുമറിയാതെ, ഒരു പെരുങ്കള്ളനെ പോലെ പതുങ്ങിപതുങ്ങി വന്ന് ഒരു കുരുന്നു ജീവനുമായി കടന്നു കളഞ്ഞല്ലോ ഭീകരൻ ! കഴിഞ്ഞ മാസം വെസ്റ്റ് നൈൽ വൈറസ് ബാധിച്ചു മലപ്പുറത്തെ 7 വയസ്സുകാരൻ മരിച്ച ദാരുണ സംഭവമാണ് സൂചിപ്പിച്ചത്. മലബാറിലെ ആദ്യത്തെ സ്ഥിരീകരിക്കപ്പെട്ട വെസ്റ്റ് നൈൽ ബാധയായിരുന്നു അത്. അതിനു മുൻപ് 2011 മെയ് മാസം മുതൽ ജൂൺ മാസം വരെ ആലപ്പുഴ ജില്ലയിൽ വെസ്റ്റ് നൈൽ ബാധയുണ്ടായിരുന്നു. 208 കേസുകളും 4 മരണവും അന്ന് രേഖപ്പെടുത്തുകയുണ്ടായി. ജപ്പാൻ ജ്വരവുമായി അടുത്ത ബന്ധമുള്ള രോഗമാണിത്. സാധാരണ ഗതിയിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന, ഒട്ടും അപകടകാരിയല്ലാത്ത രോഗം. അപൂർവങ്ങളിൽ അപൂർവമായി മാത്രം മസ്തിഷ്കത്തെ ബാധിച്ച് ജ്വരമായി മാറാറുണ്ട്. കൊതുകളിലൂടെയാണ് വൈറസ് പകരുന്നത്. ഇന്ത്യയിൽ ക്യൂലെക്സ് വർഗ്ഗത്തിൽ പെട്ട അര ഡസനിലധികം കൊതുകുകൾ വൈറസു വാഹകരായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട് ‘culex quinequefaciatus,culex tritaeniorhynchus,culex bitaeniorhynchus,culex univittaatus ‘എന്നിവയാണ് പ്രധാനപ്പെട്ടവ. ഇതിനു പുറമെ ‘Aedes alnopictus’ നും രോഗം പരത്താനുള്ള കഴിവുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. പക്ഷികളിൽ നിന്നാണ് കൊതുകുകൾക്ക് വൈറസിനെ കിട്ടുന്നത്. കൊതുകുകടിയിലൂടെ അവ മനുഷ്യനിലേക്കും എത്തുന്നു. എന്നാൽ ഒരു മനുഷ്യനിൽ നിന്നും മറ്റൊരു മനുഷ്യനിലേക്ക് രോഗം പരക്കില്ല.

ദക്ഷിണേന്ത്യയിൽ കൊക്ക് വർഗ്ഗത്തിൽ പെട്ട പക്ഷികളിലാണ് (pound heron, cattle egret) പ്രധാനമായും വൈറസ് ജീവിക്കുകയും പ്രത്യുത്പാദനം നടത്തുകയും ചെയ്യുന്നത് കുട്ടനാട്ടിൽ താറാവുകളിലും ഈ വൈറസ് കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയിൽ കാക്കകളാണ് പ്രധാന രോഗവാഹകർ. അവിടെ രോഗം ബാധിച്ച പക്ഷികൾ ചത്തുവീഴുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഏഷ്യയിലും ആഫ്രിക്കയിലും ഇത്തരമൊരു പ്രതിഭാസം നിരീക്ഷിക്കപ്പെട്ടിട്ടില്ല. വൈറസ് സ്ട്രെയിനുകളിൽ (virus strain ) ഉള്ള വ്യത്യസ്തമായിരിക്കും ഇതിനു കാരണം, വാക്സിനും മരുന്നുകളും ലഭ്യമല്ലാത്ത വെസ്റ്റ് നൈലിനെ തടയാൻ കൊതുകു നിവാരണം മാത്രമാണ് ഇന്ന് നമ്മുടെ മുന്നിലുള്ള ഏക ഉപാധി. വെസ്റ്റ് നൈലിനു പുറമെ അഞ്ചു കൊതുകുജന്യ രോഗങ്ങൾ കൂടി കേരളത്തിന് ഭീഷണിയായി നിലവിലുണ്ട്. മന്ത്, മലമ്പനി ജപ്പാൻജ്വരം, ഡെങ്കി, ചിക്കുൻഗുനിയ എന്നിവയാണ് ആ പഞ്ചരോഗങ്ങൾ. മന്തും മലമ്പനിയും ചരിത്രാതീത കാലം മുതലേ ഇവിടെ ഉള്ളതാണ്. 1996 ൽ ജപ്പാൻ ജ്വരവും 1997 ൽ ഡെങ്കിയും 2006 ൽ ചിക്കുൻഗുനിയയും ഇവർക്ക് കൂട്ടായെത്തി. മന്തും മലമ്പനിയുമൊഴിച്ച് മറ്റു നാലു രോഗങ്ങളും വൈറസ് മൂലമുണ്ടാകുന്നതാണ്. അത് കൊണ്ട് തന്നെ അവക്കെതിരെ ഫലപ്രദമായ മരുന്നുകളും ഇല്ല. ജപ്പാൻജ്വരത്തിനൊഴിച്ച് മറ്റൊന്നിനും വാക്സിനും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. നേരത്തെ പറഞ്ഞത് പോലെ ഇവക്കെതിരെ ഇപ്പോൾ ലഭ്യമായ സമരായുധം കൊതുകുനിവാരണം മാത്രമാണ്.

കൊതുകുജന്യ രോഗങ്ങൾ ഈ ആറെണ്ണത്തിൽ ഒതുങ്ങുന്നില്ല. പുതിയ പുതിയ രോഗങ്ങൾ ഭീഷണി ഉയർത്തികൊണ്ടിരിക്കയാണ്. ഏറ്റവും ഒടുവിൽ പ്രത്യക്ഷപ്പെട്ട രോഗമാണ് സിക്ക (ZIKA ) ആളത്ര പുതിയതൊന്നുമല്ല. 1947 ൽ ഉഗാണ്ടയിൽ സിക്ക വനത്തിലാണ് ഈ വൈറസ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഒട്ടും അപകടകാരിയല്ലാതെ ആരാലും ശ്രദ്ധിക്കപ്പെടാതെ 2007 വരെ സിക്ക ഒതുങ്ങിക്കഴിഞ്ഞു. ഏഷ്യയ്ക്കും ആഫ്രിക്കയ്ക്കും പുറത്തു ആദ്യമായി സിക്ക പ്രത്യക്ഷപ്പെടുന്നത് ആ വർഷമായിരുന്നു. മൈക്രൊനേഷ്യയിലെ യാപ് ദ്വീപിൽ. അതിനു ശേഷം 2013 -14 ൽ പോളിനേഷ്യയിലും 2017 ൽ ബ്രസീലിലും സിക്ക കാട്ടുതീ പോലെ പടർന്നു പിടിച്ചു . ആഫ്രിക്കയിലും ഏഷ്യയിലും കണ്ടത് പോലെ നിരുപദ്രവകാരിയായിരുന്നില്ല പുതിയ സിക്ക. നവജാത ശിശുക്കളിൽ മൈക്രോസെഫെലിയും (തലച്ചോർ ചുരുങ്ങുന്ന അവസ്ഥ ) മുതിർന്നവരിൽ ഗില്ലെൻബാരി സിൻഡ്രോമും (നാഡീവ്യവസ്ഥ ദുര്ബലമാകുന്ന രോഗം ) സിക്ക ബാധയുടെ പാർശ്വഫലങ്ങളാണ്. ഇതിനു കാരണം സിക്ക വൈറസിൽ സംഭവിച്ച മ്യൂറ്റേഷൻ ആയിരുന്നു. ഈഡിസ് ഈജിപ്‌തി, ഈഡിസ്, ആൽബോപിക്റ്റസ് തുടങ്ങിയ കൊതുകുകളാണ് സിക്ക വാഹകർ. 1952 ൽ നടത്തിയ പഠനത്തിൽ ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സിക്കയ്ക്കെതിരെയുള്ള ആന്റിബോഡി കണ്ടെത്തുകയുണ്ടായെങ്കിലും കാര്യമായ രോഗവ്യാപനം രേഖപ്പെടുത്തിയില്ല, എന്നാൽ 2017 ൽ ഗുജറാത്തിൽ നിന്നും 3 കേസുകൾ റിപ്പോർട് ചെയ്യപ്പെട്ടു. നിർഭാഗ്യവശാൽ നമ്മുടെ അധികൃതർ ഈ കേസുകൾ അർഹിക്കുന്ന ഗൗരവത്തിൽ എടുത്തില്ല എന്നാണ് ലോകാരോഗ്യ സംഘടനാ പരാതിപ്പെടുന്നത്, എന്നാൽ 2018 ഒക്ടോബറിൽ രാജസ്ഥാനിലെ ജയ്പൂരിൽ പൊട്ടിപ്പുറപ്പെട്ട സിക്ക നമ്മുടെ അധികൃതരെ പിടിച്ചു കുലുക്കുക തന്നെ ചെയ്തു. ആകെ 131 കേസുകളാണ് രക്ഷപ്പെടുത്തിയത്. അതിൽ ഗർഭിണികളും ഉൾപ്പെട്ടിരുന്നു. എന്നാൽ മൈക്രോസെഫാലിയോ ഗില്ലെൻബാരിയോ റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ല. രാജസ്ഥാൻ ദൂരെയാണല്ലോ എന്ന് ആശ്വസിക്കാൻ വരട്ടെ, അതിദ്രുത സഞ്ചാരസൗകര്യങ്ങളുള്ള ഈ കാലത്ത് താണ്ടുവാൻ കഴിയാത്ത ദൂരമൊന്നുമല്ലലോ അത്. നമുക്ക് ജാഗ്രത പാലിക്കാം. വെസ്റ്റ്നൈലിൽ നിന്ന് സിക്കയിലേക്ക് അത്ര ദൂരമൊന്നുമില്ല

Leave a Reply

Your email address will not be published. Required fields are marked *