ഇ- ഹെൽത്തിലൂടെ അടിമുടി മാറി കോഴിക്കോട് മെഡിക്കൽ കോളേജ്

സ്വകാര്യ ആശുപത്രികളെ വെല്ലുന്ന നിലയിൽ നമ്മുടെ പൊതുമേഖലാ ആശുപത്രികളെല്ലാം മുന്നേറ്റത്തിന്റെ പാതയിലാണ്. കോഴിക്കോട്ടെ കാര്യം പറയേണ്ടതില്ല, നിപയെ തോല്പിക്കുവാൻ നമുക്ക് കരുത്ത് തന്നത് കോഴിക്കോട്ടെ മെഡിക്കൽ കോളേജും ആരോഗ്യവകുപ്പുമാണല്ലോ.
മലബാറിലാകമാനം സാധാരണക്കാരായ ജനങ്ങളുടെ ആശ്രയ കേന്ദ്രമായ മെഡിക്കൽ കോളേജിലെ പ്രവർത്തനങ്ങൾ ഇനി കൂടുതൽ സുതാര്യമായ മാറ്റങ്ങൾക്ക് വിധേയമാവുകയാണ്. രോഗികൾക്ക് കൂടുതൽ സൗകര്യപ്രദമാവുന്ന രീതിയിൽ പ്രവർത്തനങ്ങളെ മാറ്റാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.

മെഡിക്കൽ കോളേജിലെ മുഴുവൻ പ്രവർത്തനങ്ങളും ഇ- ഹെൽത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി പൂർണമായും ഡിജിറ്റൽ ആയി മാറുകയാണ്.

ഇനി മുതൽ ദൂരസ്ഥലങ്ങളിൽ നിന്ന് അതിരാവിലെ വന്ന് ഒ.പി ശീട്ടിനായി മണിക്കൂറുകൾ വരിനിൽക്കേണ്ട. മൊബൈൽ ഫോണിലോ കമ്പ്യൂട്ടറിലോ ഓൺലൈനായി ഒ.പി ശീട്ടെടുക്കാം. ഇഷ്ടമുള്ള ഡോക്ടറുടെ സേവനം, തീയ്യതി, സമയം നേരത്തെ ലഭിക്കും.

ഇ-ഹെൽത്ത് പ്രാവർത്തികമാകുന്നതോടെ എല്ലാവർക്കും ആശുപത്രിയിൽ നിന്ന് ഒ.പി ശീട്ടെടുക്കുമ്പോൾ ഒരു യു ഐ ഡി നമ്പർ ലഭിക്കും, ചികിൽസയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഡാറ്റാ ബെയ്സിൽ ശേഖരിക്കും ഈ നമ്പർ ഉപയോഗിച്ച്‌ എത്ര വർഷം കഴിഞ്ഞാലും ഏതു ഡോക്ടർക്കും രോഗവുമായി ബന്ധപ്പെട്ട എല്ലാ വിവരവും ലഭ്യമാകും.

ഓൺലൈനിലോ അല്ലാതെയോ ഒ.പി ശീട്ടെടുത്ത് എത്തുന്ന രോഗി ഒ.പി യിൽ വന്ന് സ്കാനറിൽ ശീട്ട് കാണിച് അൽപസമയം ഇരിപ്പിടത്തിൽ വിശ്രമിച്ച് ഡോക്ടറെ കാണിക്കാം. ശീതീകരിച്ച ഇരിപ്പിടവും അനുബന്ധ സംവിധാനവും എം.സി.എച്ച് ഒഴികെ എല്ലായിടത്തും നിർമ്മാണം പൂർത്തിയായിട്ടുണ്ട്.

മാതൃ ശിശു സംരക്ഷണ കേന്ദ്രം, സൂപ്പർ സ്പെഷാലിറ്റി, നെഞ്ചുരോഗാശുപത്രി, ത്രിതല ക്യാൻസർ സെന്റർ എന്നിവിടങ്ങളിലെ പ്രവർത്തനം പൂർത്തീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *