മാതൃദിനം… മാലാഖമാരുടേയും

ചിഞ്ചു തോമസ്:

ഇന്ന് രണ്ട് സ്നേഹക്കരുതലുകളുടെ ദിനം, മാതൃദിനം… മാലാഖമാരുടേയും…

‘അമ്മ’ അത് വെറും രണ്ടക്ഷരം മാത്രമല്ല, ആ രണ്ടക്ഷരത്തിൽ മുഴുവൻ നിറഞ്ഞിരിക്കുന്നത് സ്നേഹമാണ്. അമ്മയുടെ സ്നേഹവും വാത്സല്യവും മരണം വരെ നമുക്കൊപ്പം ഉണ്ട്. മാതൃത്വത്തിൻറെ മഹത്വമാണ് ഓരോ മാതൃദിനവും നമ്മെ ഓർമ്മിപ്പിക്കുന്നത്. എന്നും കരുതലായി ഒപ്പമുണ്ടായിരിക്കുന്ന അമ്മക്കായി ഈ ദിനം മാറ്റിവെക്കാം.

എല്ലാ വർഷവും മെയ് രണ്ടാമത്തെ ഞായറാഴ്ചയാണ് ഇന്ത്യയിൽ മാതൃദിനമായി ആഘോഷിക്കുന്നത്. ഈ വർഷം മെയ് 12നാണ് മാതൃദിനം. 1908 ലാണ് ആദ്യമായി മാതൃദിനം ആഘോഷിച്ചത്. 1905 ൽ അമ്മ മരിച്ചതിനെ തുടർന്ന് അന്നാ റീവെസ് ജാർവിസ് ആണ് മാതൃദിന പ്രചാരണത്തിന് തുടക്കമിട്ടത്. വിർജീനിയയുടെ പടിഞ്ഞാറൻ പ്രദേശമായ ഗ്രാഫ്റ്റണിലെ സെന്റ് ആൻഡ്രുസ് മെത്തഡിസ്റ്റ് പള്ളിയിൽ അന്നാ റീവെസ് ജാർവിസ് സ്വന്തം അമ്മയുടെ ശവകുടീരത്തിന് മുകളിൽ പുഷ്പങ്ങൾ അർപ്പിച്ച് മാതൃദിനത്തിനു തുടക്കം കുറിച്ചു. ഈ പള്ളിയാണ് ഇന്ന് രാജ്യാന്തര മാതൃദിന പള്ളി എന്ന പദവി വഹിക്കുന്നത്.

മാതൃദിനമെന്നതിന് പുറമെ മെയ് 12 ന് മറ്റൊരു സവിശേഷത കൂടിയുണ്ട് മാലാഖമാരുടെ ദിനമാണിത്. ആധുനിക നഴ്‌സിംഗിന്റെ സ്ഥാപകയായ ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് മെയ് 12. നഴ്‌സുമാരുടെ സമൂഹം ലോകത്തിന് നല്‍കിയിട്ടുള്ള സേവനങ്ങളെ വിലമതിക്കുന്നതിനാണ് ഈ ദിനം ലോകമെമ്പാടും നഴ്‌സസ് ഡേ ആയി ആചരിക്കുന്നത്.

‘സ്‌നേഹത്തിന് സുഖപ്പെടുത്താനാവാത്തതും ഒരു നഴ്‌സിന് സുഖപ്പെടുത്താന്‍ കഴിയും’ എന്നൊരു ചൊല്ലുണ്ട്. ജീവിതത്തില്‍ ഡോക്ടറുടെയും നഴ്‌സിന്റെയും സേവനം ലഭിക്കാത്തവരായി ആരുംതന്നെ ഉണ്ടാവില്ല.

ഏറ്റവും പ്രിയപ്പെട്ടവരുടെ പോലും സാമീപ്യമില്ലാതെ ഒറ്റയ്ക്കാവുന്ന ജീവിതസന്ധികളെ നേരിടാന്‍ ചിലപ്പോള്‍ അവരാണ് തുണയാവുക.അങ്ങനെയാണ് സ്‌നേഹത്തിനു പോലും കടന്നെത്താനാവാത്ത ഇടങ്ങളില്‍ കാരുണ്യവും കരുതലും ദയാവായ്പുംകൊണ്ട് നേഴ്‌സുമാര്‍ നമ്മുടെ വേദനകളില്‍ സാന്ത്വനമാകുന്നത്.

ചരിത്രത്തില്‍ ആദ്യമായി നേഴ്‌സുമാര്‍ക്ക് ഒരു ദിനം നീക്കിവെക്കുന്നത് 1953ല്‍ ആണെങ്കിലും 1974 മെയ് 12 ആണ് ലോക നഴ്‌സുമാരുടെ ദിനമായി പ്രഖ്യാപിക്കപ്പെട്ടത്. നഴ്‌സുമാരുടെ സമൂഹം ലോകത്തിന് നല്‍കിയിട്ടുള്ള സേവനങ്ങളെ വിലമതിക്കുന്നതിനാണ് ഈ ദിനം ലോകമെമ്പാടും നഴ്‌സസ് ഡേ ആയി ആചരിക്കുന്നത്.

മെയ് 6 മുതല്‍ 12 വരെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് നഴ്‌സസ് ദിനത്തോടനുബന്ധിച്ച് നടത്താറുള്ളത്. നഴ്‌സുമാരുടെ സംഭാവനകളും ത്യാഗങ്ങളും പൊതുസമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുന്നതിനാണ് ഈ ദിനം ഉദ്ദേശിച്ചിരിക്കുന്നത്.

വൈദ്യശാസ്ത്രപരമായ മാത്രമല്ല, മനശ്ശാസ്ത്രപരവും സാമൂഹ്യശാസ്ത്രപരവുമായ സേവനങ്ങളുടെ തൊഴില്‍മേഖലയാണ് നഴ്‌സിംഗ്. ലോകത്ത് ആരോഗ്യപരിപാലന മേഖലയിലെ ഏറ്റവും വലിയ വിഭാഗമാണ് ഇത്. പലപ്പോഴും നഴ്‌സുമാരുടെ സേവനത്തിന്റെ പ്രാധാന്യം പൊതുസമൂഹം തിരിച്ചറിയാതെ പോകുന്നു എന്നതാണ് സത്യം. ഇത് ഓര്‍മിക്കാനും അംഗീകരിക്കാനുമുള്ള അവസരം കൂടിയാണ് ഓരോ ലോക നഴ്‌സസ് ദിനവും.

ഇപ്പോൾ നഴ്സ് എന്ന് പറയുമ്പോൾ നമുക്കെല്ലാം ഓർമ്മ വരുന്ന ഒരു മുഖമാണ് ലിനിസിസ്റ്ററുടേത്. ആതുരസേവനത്തിന് വേണ്ടി ജീവന്‍ ത്യജിക്കേണ്ടി വന്ന ലിനിയെ രക്തസാക്ഷിയായ മാലാഖ എന്നായിരുന്നു വിശേഷിപ്പിച്ചത്. വടക്കന്‍ കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ വൈറസ് ബാധക്കൊടുവിൽ കേരളത്തിലെ കണ്ണീരിലാക്കിയാണ് നഴ്സ് ലിനി യാത്രയായത്.

നിപ്പ ബാധിതനായ സാബിത്തിനെ ചികിത്സിച്ച, ധീരതയും അർപ്പണബോധവുമുള്ള നഴ്സായിരുന്നു ലിനി. ആ മാരക രോഗത്തിൽ നിന്ന് കേരളം രക്ഷപ്പെട്ടു നിൽക്കുന്നുവെങ്കിൽ അതിന് നമ്മൾ പേരാമ്പ്ര സർക്കാരാശുപത്രിയിൽ ജോലി ചെയ്തിരുന്ന ലിനിയോട് കടപ്പെട്ടിരിക്കുകയാണ്.

ലിനിക്കുള്ള ആദരമായി ഈ വർഷത്തെ നഴ്സസ് ദിനം ആചരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *