ഒരു ഗ്ലാസ്സ് വെള്ളം; തടി കുറക്കാം, കൂട്ടാം

ശരീരത്തിന് യഥാര്‍ഥത്തില്‍ വെള്ളം ആവശ്യമുള്ള സമയങ്ങള്‍ എപ്പോഴൊക്കെ എന്നു തിരിച്ചറിയു.

ഭക്ഷണം കഴിക്കുന്നതിനു മുമ്പാണോ ശേഷമാണോ വെള്ളം കുടിക്കേണ്ടത് എന്നതിനെക്കുറിച്ച് പലരും സംശയം പ്രകടിപ്പിക്കാറുണ്ട്. ശരീരത്തിന്റെ ഭാരം കുറയ്‌ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇത്‌ ഒരു സന്തോഷവാര്‍ത്ത.
അധികം ചെലവില്ലാതെ ഭാരം കുറയ്‌ക്കാന്‍ ഒരു ‘ചികിത്സ’. നിങ്ങളുടെ അധികഭാരം കുറയ്‌ക്കാന്‍ ഒന്നുരണ്ടു ഗ്ലാസ് വെള്ളത്തിനു കഴിയുമെന്നാണ് പുതിയ കണ്ടുപിടുത്തം. ഭക്ഷണത്തിനു മുമ്പ് വെള്ളം കുടിച്ചാല്‍ മെലിയും, ഭക്ഷണത്തിനൊപ്പം കുടിച്ചാല്‍ അതേ ശരീരനില തുടരും, ഭക്ഷണത്തിനു ശേഷം കുടിച്ചാല്‍ തടിക്കും എന്നൊരു കാഴ്ചപ്പാട് ആയുര്‍വേദത്തിലുണ്ട്. ഭക്ഷണത്തിനു മുമ്പ് വെള്ളം കുടിക്കുമ്പോള്‍ ഭക്ഷണത്തിന്റെ അളവു കുറയും എന്നതാണ് മെലിയാന്‍ കാരണം. കൂടുതല്‍ ഭക്ഷണം കഴിച്ചാല്‍ അതു കഴിഞ്ഞ് കുറച്ചു വെള്ളം കുടിക്കാന്‍ തോന്നും. ഭക്ഷണം നിയന്ത്രിക്കണമെന്നുള്ളവര്‍ ഭക്ഷണത്തിനു മുമ്പ് ഒന്നോ രണ്ടോ ഗ്ലാസ്സ് വെള്ളം കുടിച്ചു ശീലിക്കുന്നത് നല്ലതാണ്. ഇതു വഴി വിശപ്പിന് നിയന്ത്രണമിടാന്‍ സാധിക്കും. അപ്പോള്‍ ഭക്ഷണം കുറച്ചു കഴിക്കാനേ നിങ്ങള്‍ക്കാവൂ. അതുവഴി ഭാരം കുറയ്‌ക്കാമെന്നുള്ളതാണ് ഇതിന്റെ ഗുണം. മിക്കവര്‍ക്കും ഭക്ഷണത്തിനൊപ്പം സ്വാഭാവികമായും വെള്ളം കുടിക്കേണ്ടി വരാറുണ്ട്. വെള്ളം എപ്പോള്‍ കുടിക്കണമെന്നതിന് നിയമമൊന്നുമില്ല. എപ്പോഴാണോ വെള്ളം കുടിക്കാന്‍ തോന്നുന്നത് അപ്പൊഴൊക്കെ കുടിക്കാം.

ദിവസവും മൂന്നു നേരം ഭക്ഷണത്തിനു മുമ്പ്‌ ഒന്നോ രണ്ടോ ഗ്ലാസ്‌ വെള്ളം കുടിച്ചവര്‍ക്ക്‌ 12 ആഴ്‌ചകൊണ്ടു ഭാരം രണ്ടര കിലോ വരെ കുറയ്‌ക്കാന്‍ സാധിച്ചെന്നു ഗവേഷകര്‍ കണ്ടെത്തി. സീറോ കാലറിയുള്ള വെള്ളം കൊണ്ട്‌ വയര്‍ നിറയുന്നതാണു കാരണം. ദിവസവും ഒമ്പതു കപ്പ്‌ ജലമെങ്കിലും സ്‌ത്രീകളുടെ ശരീരത്തിലെത്തണമെന്നാണു വിദഗ്‌ധര്‍ പറയുന്നത്. പുരുഷന്‍മാര്‍ 13 ഗ്ലാസ്‌ വെള്ളമെങ്കിലും കുടിക്കണം.

ഇത്‌ കൂടാതെ ശരീരത്തിന് എപ്പോഴൊക്കെ വെള്ളം ആവശ്യമുണ്ടെന്ന് അറിയാമോ?

ശരിരത്തിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം അത്യാവശ്യമാണ്. യഥാസമയം ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത് നിങ്ങളുടെ ശരീരപ്രവര്‍ത്തനങ്ങള്‍ തന്നെ തകരാറിലാക്കും. ശരീരത്തിന് യഥാര്‍ഥത്തില്‍ വെള്ളം ആവശ്യമുള്ള സമയങ്ങള്‍ എപ്പോഴൊക്കെ എന്നു തിരിച്ചറിയു.

1, രാവിലെ എഴുന്നേറ്റയുടന്‍ 1, 2 ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍
സഹായിക്കും.

2, ഭക്ഷണം കഴിക്കുന്നതിന് അരമണിക്കൂര്‍ മുമ്പാണ് വെള്ളം കുടിക്കണം. ഇത് ഫിറ്റായിരിക്കാന്‍
സഹായിക്കും.

3, ഭക്ഷണം കഴിച്ച് 20 മിനിറ്റിനു ശേഷം വെള്ളം കുടിക്കുന്നതാണ് ആരോഗ്യകരമായ ദഹനത്തിന് നല്ലത്.

4, തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ 75 ശതമാനവും നടക്കുന്നത് വെള്ളം കൊണ്ടാണ് അതുകൊണ്ട് തന്നെ
ക്ഷീണം തോന്നുമ്പോള്‍ വെള്ളം കുടിക്കുന്നത് ഉണര്‍വ്വ് നല്‍കും.

5, രോഗബാധിതനായിരിക്കുമ്പോള്‍ വെള്ളം കൂടുതല്‍ കുടിക്കുന്നത് നല്ലതാണ്. ഇത് പെട്ടെന്നുള്ള രോഗ
ശാന്തിക്ക് സഹായിക്കും.

6, മുലയൂട്ടുന്ന സ്ത്രീകള്‍ ധാരാളം വെള്ളം കുടിക്കുക. ഇത് പാലുണ്ടാകാന്‍ നല്ലതാണ്.

വെള്ളം കുടിച്ചില്ലെങ്കിലോ?

ദഹനവ്യവസ്ഥ നന്നായി പ്രവര്‍ത്തിക്കണമെങ്കില്‍ വേണ്ടത്ര ജലാംശം കൂടിയേ തീരൂ. ദഹനപ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കാനും ദഹിച്ച ഭക്ഷണഘടകങ്ങളെ ശരീരത്തിലേക്ക് സ്വാംശീകരിക്കണമെങ്കിലും വേണ്ടത്ര ജലാംശം ആവശ്യമാണ്. മലബന്ധം, അസിഡിറ്റി, നെഞ്ചെരിച്ചില്‍, വയറുവേദന തുടങ്ങി പല പ്രശ്‌നങ്ങള്‍ക്കും കാരണം ശരീരത്തില്‍ വേണ്ടത്ര വെള്ളമില്ലാതെ വരുന്നതാണ്. അതിനാല്‍, ക്ഷീണമോ തളര്‍ച്ചയോ മടുപ്പോ തോന്നുമ്പോള്‍ ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുന്നത് എല്ലാത്തരത്തിലും
ആശ്വാസകരമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *